എന്റെ മലയാളം ഒന്‍പതാം ക്ലാസ്സ്

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഒന്‍പതാം ക്ലാസ്സിലെ പുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള ആദ്യത്തെ പൊതു പരീക്ഷ കഴിഞ്ഞു.ചോദ്യപേപ്പറിന്റെ മാതൃക അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അറിയുന്നതാണല്ലോ.കെ.സി.എഫിന്റെ പൊതു സമീപനത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു ചോദ്യങ്ങള്‍.ഒന്‍പതാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് നോക്കിയാല്‍ ചോദ്യങ്ങളുടെ നിലവാരം കൂടിപ്പോയില്ലേ എന്നെ ആശങ്കിക്കുവാനുള്ളൂ.


എന്നാല്‍ പുതിയ പരീക്ഷാരീതികളുടെ വലിയൊരു സവിശേഷതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആശങ്കകള്‍ അസ്ഥാനത്താകുന്നതായിക്കാണാം.അതായത് ചോദ്യങ്ങള്‍ ഒരേ സമയത്ത് അനുഭവങ്ങള്‍ കൂടിയ മുതിര്‍ന്നവര്‍ക്കും അനുഭവങ്ങള്‍ കുറഞ്ഞവര്‍ക്കും ഒരുപോലെ എഴുതാവുന്നതാണ്.മലയാളത്തിന്റെ വിരുന്നു ആസ്വദിക്കുന്ന ഇതൊരു വ്യക്തിക്കും ഈ ചോദ്യങ്ങള്‍ വലിയ ഹരമായിരിക്കും.


എഴുത്തുകാരെ സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍!!!.


വായനയുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും പിന്‍ബലമുള്ള കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കായി ഉത്തരങ്ങള്‍ (ഉത്തരവ്!ഉത്തരവ്!എന്ന് എറാന്‍ മൂളി നിര്‍ബദ്ധിക്കപ്പെട്ടു അവശരായി കുട്ടികള്‍ എഴുതുന്നവയല്ല ഈ കാലഘട്ടത്തിന്റെ പരീക്ഷകള്‍ എന്ന് ഇവിടെ ഓര്‍മ്മിക്കട്ടെ) എഴുതുമ്പോള്‍ കൈ വിരലില്‍ തൂലികത്തുമ്പ്‌ ഉണരും. പരീക്ഷക്കിരിക്കുമ്പോഴുള്ള കൈ കടച്ചില്‍, തോലുവേദന,വിരലുകള്‍ വിറങ്ങലിക്കല്‍ എന്നീ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരിക്കില്ല.


ശ്രദ്ധിക്കപ്പെടുന്ന ഏതാനും ചോദ്യങ്ങള്‍ നോക്കാം:


ചോദ്യം. 1.അടിക്കുറിപ്പ് തയ്യാറാക്കല്‍:

കുട്ടികള്‍ക്ക് കൌതുകമുണ്ടാക്കുന്ന ചോദ്യമാണിത്. ആരംഭം നന്നായി.എങ്കിലിനി മുഴുവനും നന്നായിക്കോളും.കുട്ടികള്‍ സന്തോഷിച്ചിരിക്കും.

അടിക്കുറിപ്പില്‍ ഭാവനയുടെയും ഭാഷയുടെയും കഴിവുകള്‍ പലവിധത്തിലായിരിക്കും അവര്‍ പ്രകടിപ്പിക്കുക.


ചോദ്യം. 4."പശുവിന്റെ ജാതി പശുത്വമാണ്"
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്‌"

ശ്രീനാരായണഗുരുവിന്റെ ഈ ചിന്താശകലം ഗുരുദേവന്റെ ആശയങ്ങളോട് ചേര്‍ത്തി ക്കൊണ്ട് എത്ര കുട്ടികള്‍ ചിന്തിച്ചു എഴുതുമെന്നത് ഈ ചോദ്യത്തിന്റെ പിറകെ പായുന്ന ഒരു തുടര്‍ചോദ്യമാണ്.

ചില കുട്ടികള്‍ പശുത്വം എന്നാ വാക്കിന്റെ പിറകെ പോകുവാന്‍ സാധ്യതയുണ്ട്.ആ വാക്കിന്റെ പുതുമയും സൗന്ദര്യവും അവരെ ജാതിയെക്കുറിച്ചുള്ള ഗുരുദേവന്റെ ആശയങ്ങളോട് ഈ വരികളെ ബന്ധിപ്പിക്കുന്നതില്‍നിന്നും തടയുവാന്‍ വഴിയുണ്ട്.


പക്ഷെ കുട്ടികള്‍ ബഹുവിധമാണ്.മാത്രമല്ല ഒരു പ്രത്യേകതരം സ്പീഷിസുമാണ്.പലവിധത്തിലുള്ള മാനസിക ശേഷികള്‍ അവര്‍ പ്രകടിപ്പിക്കുന്നു. എഴുതുന്നതിന്റെ ലക്‌ഷ്യം തെറ്റിയാലും അവരുടെ ബുദ്ധിയുടെ മുദ്ര ഉത്തരങ്ങളില്‍ ഉണ്ടായിരിക്കും.


താരതമ്യത്തിന്റെ രീതി കുട്ടികള്‍ പൂര്‍ണ്ണമായി കാണിക്കുമോ എന്ന് ആശങ്കയുണ്ട്. വ്യത്യസ്ത വരികളിലെ സാമ്യവ്യത്യാസങ്ങള്‍, വരികളിലെ സന്ദര്‍ഭങ്ങള്‍, സ്ഥൂലവും സൂക്ഷ്മവുമായ ആശയങ്ങള്‍ എന്നിവ കുട്ടികള്‍ പരിഗണിക്കുമോ എന്ന് സംശയമാണ്.


ചോദ്യം. 5.പത്രമുത്തശ്ശിയെക്കുറിച്ചുള്ള ചിത്രം കുട്ടികള്‍ക്ക് പുതുമയുള്ളതായിരിക്കും. ചോദ്യങ്ങള്‍ എങ്ങനെ പാഠപുസ്തകത്തിനു പുറമേക്ക് കുട്ടികളുടെ ലോകത്തെ കൊണ്ടുപോകുന്നു എന്നതിനുള്ള ഒരു മാതൃകയാണിത്.


ചോദ്യം.7 .ഈ ചോദ്യത്തിന്റെ വായനയില്‍ കുട്ടികള്‍ക്ക് ചില അബദ്ധങ്ങള്‍ പറ്റാമെന്ന് തോന്നുന്നു. ഒരുപക്ഷെ ചില കുട്ടികള്‍ ഗാന്ധിജിയുടെയും ടോള്‍സ്റ്റോയിയുടെയും വാക്കുകളില്‍ കാണുന്ന ആശയങ്ങള്‍ മനസ്സില്‍ തുളുമ്പി അവയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യതയുണ്ട്.
ടോള്‍സ്റ്റോയിയുടെ വാക്കുകളില്‍ ആദര്‍ശ രാഹിത്യമുണ്ടെന്നു കുട്ടികള്‍ വിചാരിച്ചുപോയെക്കാം.ആ വാക്കുകളുടെ ആന്തരാശയം അവര്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കാതിരുന്നാല്‍ അവര്‍ക്ക് ആശയക്കുഴപ്പം വരാന്‍ സാധ്യതയുണ്ട്.അങ്ങിനെ ആദര്‍ശം കാത്തുസൂക്ഷിച്ച മഹാന്മാരെക്കുറിച്ചു പ്രസംഗം എഴുതുകയാണ് ഉത്തരമെന്ന് അവര്‍ മറന്നേക്കാം.


ചോദ്യം. 9. കുട്ടികളെത്തേടി വന്ന പുഴയെപ്പോലെയൊരു ചോദ്യം.ആസ്വാദനത്തിന്റെ ചേരുവകള്‍ അവര്‍ക്ക് എത്രത്തോളം എഴുവാന്‍ സാധിക്കുമെന്നത്‌ മുന്‍പ് പറഞ്ഞതുപോലെ "പ്രതിജനജന്മ വിചിത്ര മാര്‍ഗങ്ങളാകും "



ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ ഒരു വലക്കണ്ണി



കാണുക

വസുധൈവ  കുടുംബകം 
കവിത ആസ്വദിക്കുവാന് കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍:
*അമൂര്‍ത്ത ഭാവനകള്‍ മനസ്സിലാക്കുവാനുള്ള പ്രയാസം.
കവിത ആസ്വദിക്കുമ്പോള്‍ കുട്ടികള്‍ക്ക്  ഉള്ള മുന്‍ ധാരണകള്‍ 
*പരിസ്ഥിതിയുടെ നാശ്രം,പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍.
ക്ലാസ്സില്‍  നല്‍കാവുന്ന  പഠന  പ്രവര്‍ത്തനങ്ങള്‍:(ഏതാനും  ഉദാഹരണങ്ങള്‍)
           1 .ചിത്രീകരിക്കുക :
നദിയുടെ പാട്ടിന്നിടര്‍ച്ചയും പക്ഷിയുടെ ദൈന്യവും ചിത്രമാക്കുകയും അത്തരം ചിത്രങ്ങള്‍ ശേഖരിക്കുകയും.
           2 .ആസ്വാദനക്കുറിപ്പ് :         
i . വാഗര്‍ത്ഥ ആസ്വാദനം: ( ഇത് കവികളുടെ അടിസ്ഥാന കവിതാ തന്ത്രമാണ്.)
"സൂര്യനെ കാണാ ധ്രുവങ്ങള്‍"-- വരിയിലെ കാണാ എന്നാ പ്രയോഗത്തില്‍ സൂര്യനും ധൃവങ്ങളും ജീവന്‍ തുടിക്കുന്നവരായിമാറി.
"മായും മരതക................പാവം നദി" --ഇവിടെ നദി ജീവനുള്ളതായി.
"മണ്ണിന്റെ ദാഹം"--മണ്ണ് ജീവനുള്ളതായി .
ii .ആശയ ആസ്വാദനം

"ഭൂമിയീ നമ്മളിലേക്ക് ..........."
""നീറും  മരുഭൂമി ........അശാന്തിയും"
          [ആസ്വാദനക്കുറിപ്പില്‍   കാവ്യരസവും  കവി വീക്ഷണവും  നമ്മുടെ സ്വന്തം  വീക്ഷണങ്ങളും  ഉണ്ടായിരിക്കണമല്ലോ.]
            3.ഗാനം രചിക്കുക:
നദിയുടെയും  പക്ഷിയുടെയും  വേദനയില്‍  പങ്കുചേര്‍ന്നു  ഗാനം രചിക്കുക 
            4.ചിത്ര പ്രദര്‍ശനം:
ഭൂമിയുടെ  വിനാശത്തെക്കുറിച്ച്‌   
           5.സംവാദം:
ഭൂമിയുടെ  വിനാശത്തെക്കുറിച്ച്‌   ,പരിസ്ഥിതി  പ്രവര്‍ത്തനങ്ങള്‍ . 
          6.സംഭാഷണം  രചിക്കുക:
പക്ഷിയും നദിയും മനുഷ്യരോട്  പറയുന്ന  വിഷമങ്ങള്‍ 
          7.കൊളാഷ്  തയ്യാറാക്കുക:
ഭൂമിയുടെ നാശം
         വിശദീകരിക്കേണ്ടത് :
[ഭൂമി നമ്മിലെക്കൊതുങ്ങുക------മനുഷ്യന്റെ  ചൂഷണങ്ങളില്‍  കുടുങ്ങി  അവന്റെ കാല്‍ക്കീഴിലാകുന്നു]

                    നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി ശ്രദ്ധാപൂര്‍വ്വം കരുതിവച്ച ഒരു കളഭക്കിണ്ണമാണ് ഈ ഭൂമി.നമുക്ക് മാത്രമല്ല ഇനി വരുവാനുള്ള എല്ലാവര്‍ക്കും വേണ്ടിയാണീ ഭൂമിയാകുന്ന ചിത്രശലഭം "സൂര്യന് " ചുറ്റും വട്ടം ചുറ്റുന്നത്‌.മണ്ണും വെള്ളവും വായുവും പുഴയും തോടും നീര്‍ച്ചോലകളും ഇനി വരാനുള്ളവര്‍ക്ക് കൂടിയാണ്.ഈ ആത്യന്തിക സത്യം അറിയാതെ ആധുനിക മനുഷ്യന്‍ ഭൂമിയെ വിറ്റു പണമാക്കി സ്വ.സുഖം ഭദ്രമാക്കുന്നു.
                    "കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിതം" എന്ന പുസ്തകം എഴുതിയ പോക്കുടന്റെ വാക്കുകള്‍ "ഇടക്കീല്‍ത്തറ എന്ന സ്ഥലത്തെ ഒരു കൂനിയിലാണ് എന്റെ ജനനം.കൂനി എന്ന് വച്ചാല്‍ വയലില്‍ നാല് ഭാഗത്ത് നിന്നും മണ്ണ് കൂനിക്കൂട്ടിയുണ്ടാക്കിയ ഒരു ചെറിയ തറ.ആ കൂനിയിലെ ഒരു ചാളയിലാണ് അമ്മ എന്നെ പെറ്റത്‌.ചുറ്റുപാടും വയല്‍.വയലിനിടക്ക് തെങ്ങുകള്‍.അത് മുതലാളിയുടെതാണ്.നമുക്ക് കിട്ടുന്നത് ഓല മാത്രം.വിറകായി ഉപയോഗിക്കാവുന്ന ഉണക്കിലകള്‍.
                  എന്റെ അച്ഛന്‍ ചപ്പന്‍ മമ്മത് എന്ന് പേരുള്ള മുതലാളിയുടെ പണിക്കാരനായിരുന്നു ചപ്പന്‍.മമ്മത് മുതലാളി --മൂന്ന് വാര തുണി വേണം അയാള്‍ക്ക്‌ ഉടുമുണ്ടായി.വിശാലമായ പുറം.സാധാരണ മനുഷ്യരേക്കാള്‍ ഇരട്ടി ഉയരം.അവകാശപ്പെട്ട ഭൂമി എത്രയാണെന്ന് അയ്യാള്‍ക്ക് തന്നെ കണക്കില്ല".അയ്യാളുടെ സങ്കല്‍പ്പത്തില്‍ ഭൂമി അയ്യാള്‍ക്ക് മാത്രമാണ്.
ഓ.എന്‍.വി.യുടെ കവിതയില്‍ നാം എന്താണ് അറിയുന്നത്?
ഉള്‍ക്കനിവിന്‍ ഉപ്പലിഞ്ഞോരുറവകള്‍
വറ്റിയ മണ്ണിന്റെ ദാഹം നാമേറ്റു വാങ്ങവേ നാം ഭൂമിയാകുന്നു....
പോക്കുടനിലേക്ക് ഒന്നുകൂടി പോകാം."കണ്ടള്‍ച്ചെടികള്‍ എനിക്ക് മക്കളെ പോലെയാണ്."പൊക്കുടന്‍ പറയുന്നു.ഞാനവരുടെ അച്ഛനാണെന്ന് അവര്‍ക്കും തോന്നുന്നുണ്ടാവാം.



ഈ  വീഡിയോ  കണ്ടല്ലോ.സിയാറ്റില്‍  മൂപ്പന്‍ എന്ന് പേര് കേട്ട അമേരെന്ത്യയിലെ ദുവാമിഷ് സുഗ്വാമിഷ് ഗോത്രമൂപ്പന്റെ 1854-ലെ വിഖ്യാതമായ പ്രസംഗമാണ് മുകളില്‍ കണ്ടതും കേട്ടതും.
സിയാറ്റില്‍ മൂപ്പന്‍ തന്റെ വംശമായ  ചുവന്ന മനുഷ്യരെ അടിച്ചമര്‍ത്താന്‍ വന്ന വാഷിന്റ്ടന്‍ മൂപ്പനോട്‌ പറഞ്ഞു:"നിങ്ങളുടെ മക്കള്‍ പാടത്തും കടയിലും നിന്നുകൊണ്ട് തങ്ങള്‍ ഒറ്റക്കാണെന്ന്  കരുതുമ്പോള്‍ ഞങ്ങളുടെ മക്കള്‍ അങ്ങനെ ആയിരിക്കില്ല.ഭൂമിയില്‍ എകാന്തതക്ക്‌ മാത്രമായി ഒരിടമില്ല.നിങ്ങളുടെ കാല്‍ക്കീഴിലെ പൊടിമണ്ണ്  ഞങ്ങളുടെ പാദങ്ങള്‍ക്ക് നല്‍കുന്ന സ്നേഹം നിങ്ങള്ക്ക് ഒരിക്കലും കിട്ടില്ല.കാരണം അത് ഞങ്ങളുടെ പൂര്‍വികരുടെ ചിതാഭസ്മമാണ്."
            വസുധൈവ  കുടുംബകം.ഭൂമി എല്ലാവരുടെയുമാണ്.ലോകമേ തറവാട് എന്ന് വള്ളത്തോള്‍ പാടി. അത് വെട്ടിപ്പിടിക്കുവാനല്ല. മരുഭൂമി എന്ന വാക്കില്‍ (സംജ്ഞയില്‍) അര്‍ത്ഥമായി ലഭിക്കുന്ന പോലെ സൂര്യന്‍ പുണരുമ്പോള്‍ ദഹിക്കുന്ന ഭൂമിയുടെ വേദനകള്‍ നമ്മള്‍ ഏറ്റെടുക്കുമ്പോള്‍ നാം ഭൂമിയുടെ ഉപ്പാകുന്നു.
കോരിക്കുടിച്ചാലും  തീരാത്ത ഭൂമിയുടെ സൌന്ദര്യം പുളകിതനാക്കുന്ന   ഓ.എന്‍.വി.യുടെ കൂടെ  ഭൂമിയോട് "ദീര്‍ഘ സുമംഗലീ ഭവ" എന്ന്  നമുക്കും ആശംശിക്കാം